Sunday, February 6, 2011

```ചരിത്രം'' സൃഷ്‌ടിക്കുന്നവര്‍-ജോസഫ്‌ പുലിക്കുന്നേല്‍

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുശേഷം സ്വന്തം പേരുകളെഴുതി എത്രകോടി രൂപയുടെ കല്ലുകള്‍ പ്രസിഡണ്ടും മന്ത്രിമാരും ഗവര്‍ണര്‍മാരും എം.എല്‍.എ.മാരും പൊതു ഖജനാവില്‍നിന്നും ചോര്‍ത്തിക്കളഞ്ഞ്‌ ``ചരിത്രം'' സൃഷ്‌ടിച്ചു എന്ന്‌ അന്വേഷിക്കേണ്ടതുണ്ട്‌. മുന്‍കാലങ്ങളില്‍ പാലങ്ങളോ റോഡുകളോ നിര്‍മ്മിച്ചാല്‍ പത്രങ്ങളില്‍ അതു വാര്‍ത്തയായി വരാറുണ്ടായിരുന്നു. ഇന്ന്‌ പേജുകള്‍തന്നെ പരസ്യങ്ങള്‍കൊടുത്ത്‌ തങ്ങളുടെ അസാമാന്യമായ കഴിവിനെ ചരിത്രത്തിന്റെ ഭാഗമാക്കാനാണ്‌ മന്ത്രിമാരും എം.എല്‍.എ.മാരും പരിശ്രമിക്കുന്നത്‌.
ഇന്ന്‌ പള്ളിയില്‍ പെരുന്നാളുവന്നാല്‍ പത്രങ്ങളില്‍ ഒരു പേജെങ്കിലും പരസ്യം കൊടുത്തില്ലെങ്കില്‍ അതൊരു കുറവായാണ്‌ ജനങ്ങള്‍ കാണുന്നത്‌. റിട്ടയര്‍ ചെയ്‌തവരും റിട്ടയര്‍ ചെയ്യാത്തവരുമായ മെത്രാന്മാരും വികാരിമാരും അസിസ്റ്റന്റുമാരും കൈക്കാരന്മാരുമെല്ലാം അവരുടെ മുഖം പത്രങ്ങളില്‍ അച്ചടിച്ചുകാണാന്‍ താല്‌പര്യപ്പെടുന്നു. എന്തിന്‌ എന്ന ചോദ്യം ആരും ചോദിക്കാറില്ല. ചോദിച്ചിട്ടും പ്രയോജനമില്ല.
എന്റെ അറിവില്‍ പെട്ടിടത്തോളം പ്രൊഫ. എന്‍.എം. ജോസഫ്‌ മന്ത്രി ആയിരുന്നിടത്തോളം കാലം ഒരു വികസനപ്രവര്‍ത്തനങ്ങള്‍ക്കും കല്ലുകളില്‍ പേരു കൊത്തിവെച്ച്‌ ചരിത്രം സൃഷ്‌ടിച്ചിട്ടില്ല. എന്നാല്‍ ഒരു ചെറിയ റോഡില്‍ മൂന്നു കല്ലുകള്‍ സ്ഥാപിച്ച്‌ ``ചരിത്രം'' സൃഷ്‌ടിച്ച മന്ത്രിയെയും ഓര്‍ക്കുന്നു. ആദ്യം റോഡു തുറന്നപ്പോള്‍, അതു ടാറു ചെയ്‌തപ്പോള്‍, ഇടയ്‌ക്ക്‌ ഒരു കലുങ്ക്‌ പണുതപ്പോള്‍, അവിടെയെല്ലാം പേരുകൊത്തിവച്ച്‌ ചരിത്രത്തിന്റെ ഭാഗമായവരും ഈ നാട്ടിലുണ്ട്‌
ഇന്ന്‌ ഗവണ്‍മെന്റു വക പരസ്യമാണ്‌ മുഖ്യമായും പത്രങ്ങളുടെ വരുമാനം. ഏതു വികസന സംരംഭങ്ങളും അരപേജുമുതല്‍ ഒരു പേജുവരെ പരസ്യമായി പത്രങ്ങള്‍ക്കു കൊടുത്ത്‌ തങ്ങളുടെതന്നെ തിരുമുഖം കണ്ട്‌ സന്തോഷിക്കുന്നു. ഫ്‌ളെക്‌സ്‌ ബോര്‍ഡുകളില്‍ ചിരിക്കുന്ന തങ്ങളുടെ മുഖം ചാര്‍ത്തി പട്ടണങ്ങളില്‍ അങ്ങോളമിങ്ങോളം തൂക്കിയിടുന്ന പതിവ്‌ ഒരു കാലത്ത്‌ രാഷ്‌ട്രീയ നേതാക്കളുടേതായിരുന്നു. ഇന്ന്‌ മതനേതാക്കളും അതേ ശൈലിതന്നെ സ്വീകരിച്ചു. ഈയിടെ രണ്ടു മെത്രാന്മാരുടെ മനോഹരമായ ചിത്രങ്ങള്‍ പതിച്ച ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌ പാലായില്‍ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.
നാം ഇന്നു ജീവിക്കുന്ന ലോകം ഉപഭോക്തൃ വാണിജ്യ ലോകമാണ്‌. വിഭവങ്ങള്‍ വിറ്റഴിക്കുന്നതിന്‌ പരസ്യങ്ങള്‍ ആവശ്യമാണ്‌ എന്ന്‌ കണ്ടുപിടിച്ച ഒരു സമൂഹം. വന്‍കിട വ്യവസായികള്‍ അവരുടെ വരുമാനത്തിന്റെ നല്ല ശതമാനം പരസ്യങ്ങള്‍ക്കായി വകയിരുത്തുന്നു. ഈ ഉപഭോക്തൃ ആകര്‍ഷണത്തില്‍നിന്നും ആര്‍ക്കും മാറിനില്‍ക്കാനാകില്ല. ഇതുപോലെ പരസ്യമാണ്‌ രാഷ്‌ട്രീയ നിലനില്‌പിന്റെ ജീവശ്വാസമെന്ന്‌ പലരും വിശ്വസിക്കുന്നു. എല്ലാ ടൗണുകളിലും ഉയര്‍ന്നുവിലസുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ കണ്ട്‌ ജനമെല്ലാം ആനന്ദിക്കുന്നു എന്ന്‌ പല ശുംഭന്മാരും വിശ്വസിക്കുന്നു.
ഞാന്‍ ഒരിക്കല്‍ ഒരു വ്യവസായിയുമായും ഒരു രാഷ്ട്രീയ നേതാവുമായും ഇതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തതോര്‍ക്കുന്നു. വ്യവസായി പറഞ്ഞതിതാണ്‌. താന്‍ വിപണിയില്‍ ഇറക്കുന്ന വിഭവം ജനങ്ങള്‍ വാങ്ങണമെന്നുണ്ടെങ്കില്‍ ജനമനസ്സില്‍ വിശ്വാസ്യത സൃഷ്‌ടിക്കേണ്ടതുണ്ട്‌. അപ്പോള്‍ വ്യവസായികള്‍ക്ക്‌ ഈ പരസ്യം ആവശ്യമാണ്‌. പരസ്യങ്ങളിലൂടെയാണ്‌ മാര്‍ക്കറ്റ്‌ പിടിച്ചടക്കുന്നത്‌. ഈ വിഭവങ്ങള്‍ക്ക്‌ ക്വാളിറ്റിയുണ്ടോ എന്ന്‌ ആരും അന്വേഷിക്കാറില്ല. ഒരു കാലത്ത്‌ നമ്മുടെ പത്ര മാധ്യമങ്ങളില്‍ ധാരാളമായി കണ്ടിരുന്ന പരസ്യം മരുന്നുകളെക്കുറിച്ചായിരുന്നു. ``കരിങ്കുരങ്ങ്‌ രസായനം'', ``കരിങ്കുരങ്ങ്‌ ലേഹ്യം''. ഇവയിലേതിനെങ്കിലും കരിങ്കുരങ്ങുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ ആരും അന്വേഷിക്കാറില്ല. പക്ഷേ പരസ്യത്തിന്റെ കുത്തൊഴുക്കില്‍ ഒരു കാലത്ത്‌ കടകളില്‍ ഈ രസായനവും ലേഹ്യവുമെല്ലാം വിറ്റുപോയതോര്‍ക്കുന്നു. തൃശൂരില്‍ ``കാളന്‍ നെല്ലായി'' എന്ന ഔഷധശാല എത്രതരം എണ്ണകളും മുരുന്നുകളുമാണ്‌ പ്രചാരണത്തിലൂടെ വിറ്റഴിച്ചത്‌. ഇന്ന്‌ അവരുടെ മരുന്നുകള്‍ അന്വേഷിച്ച്‌ ആരും പോകാറില്ല. പുതിയ പുതിയ മരുന്നുകള്‍ മാര്‍ക്കറ്റിലെത്തുന്നു. പരസ്യങ്ങളുടെ ഈ ലോകത്തില്‍ ആര്‍ക്കും പിന്നോക്കം പോകാനാകില്ല എന്നു തോന്നുന്നു. എത്രയെത്ര സോപ്പുകള്‍. അവയുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള ദീര്‍ഘ ദീര്‍ഘങ്ങളായ വിവരണങ്ങള്‍. ഇവയില്‍ മനംമയക്കി ജനങ്ങളെ ഉപഭോഗവസ്‌തുക്കളാക്കി മാറ്റുകയാണ്‌ ഇന്നത്തെ വാണിജ്യലോകം!
1949-ല്‍ ഞാന്‍ കോളേജ്‌ വിദ്യാഭ്യാസത്തിനായി മൈസൂറിലേക്കു പോയി അതിന്റെ ഒരുക്കമായി എണ്ണ കാച്ചിയത്‌, ഉമ്മിക്കരി, നാക്കു വടിക്കാനുള്ള ഈര്‍ക്കിലി, തേക്കാനുള്ള ഇഞ്ച എന്നിങ്ങനെയുള്ള വിഭവങ്ങള്‍ കെട്ടുകളാക്കി പെട്ടിയില്‍ അടുക്കിയതോര്‍ക്കുന്നു. പേസ്റ്റും ബ്രഷും ഞാന്‍ മൈസൂറില്‍ ചെന്നതിനുശേഷമാണ്‌ കാണുന്നത്‌. കുറേക്കാലത്തേക്ക്‌ അത്‌ എനിക്ക്‌ സ്വീകാര്യമായിരുന്നില്ല. ഉമിക്കരിയുംകൊണ്ട്‌ പല്ലുതേച്ച്‌ വാഷ്‌ബേസിനില്‍ തുപ്പുമ്പോള്‍ വാഷ്‌ബേസിന്‍ കളങ്കപ്പെടുന്നു. വീട്ടില്‍നിന്നു കൊണ്ടുപോകുന്ന കാച്ചിയെണ്ണയേക്കാള്‍ നല്ല സുഗന്ധമുള്ള എണ്ണ മാര്‍ക്കറ്റില്‍ കിട്ടും.
വിഭവങ്ങള്‍ അതിവേഗം ലോകമെമ്പാടും എത്തുന്ന സാഹചര്യം ഇന്നുണ്ട്‌. അവ കേടാകാതെ സൂക്ഷിക്കാന്‍ ശീതീകരണപെട്ടികളുമുണ്ട്‌. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഒരു സുഹൃത്ത്‌ വന്നപ്പോള്‍ പറഞ്ഞത്‌ മുന്‍കാലങ്ങളില്‍ അരി വളരെ അപൂര്‍വമായേ മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നുള്ളൂ, എന്നാല്‍ ഇന്ന്‌ പൊറോട്ടയും ചപ്പാത്തിയും എല്ലാത്തരം പലഹാരങ്ങളും കപ്പയും ചേമ്പും ചേനയുമെല്ലാം യൂറോപ്യന്‍ മാര്‍ക്കറ്റില്‍ സുലഭമാണ്‌ എന്നാണ്‌. ഒരിക്കല്‍ എനിക്ക്‌ സ്വിറ്റ്‌സര്‍ലണ്ടില്‍ പോകേണ്ടി വന്നു. അവിടെ ഒരു മലയാളി സുഹൃത്തിന്റെ കൂടെയായിരുന്നു താമസം. ബ്രേക്ക്‌ ഫാസ്റ്റിന്‌ പച്ചക്കപ്പയും കോഴിയിറച്ചിയുമായിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടു. കേരളക്കാരനായ ഞാന്‍ കപ്പയെ വണങ്ങി ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. ഈ കപ്പ എവിടെനിന്നും കിട്ടി എന്ന ചോദ്യത്തിന്‌ ഉത്തരംകേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ബ്രസീലില്‍നിന്നു കിട്ടി.
ജര്‍മ്മനിയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഞാന്‍ പോയി. ഇന്ത്യയിലെ ഏതു സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടുന്നതിനേക്കാള്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ജര്‍മ്മനി സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്‌. ഹൈസ്‌ക്കൂളില്‍ എന്റെ സഹപാഠിയായിരുന്ന ഒരു സുഹൃത്ത്‌ നരിയങ്ങാനം എന്ന കുഗ്രാമത്തില്‍ ഫാക്‌ടറി സ്ഥാപിച്ച്‌ വിപുലമായ രീതിയില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ശീതീകരണപെട്ടികളിലാക്കി യൂറോപ്പിലേക്ക്‌ കയറ്റി അയയ്‌ക്കുന്നു. മുന്‍കാലങ്ങളില്‍ ``കൊച്ചി കണ്ടവന്‌ അച്ചി വേണ്ട'' എന്ന ചൊല്ലുപോലെ ഇന്ന്‌ സൂപ്പര്‍ മാര്‍ക്കറ്റു കണ്ടാല്‍ വീട്ടിലേക്കു പോകണം എന്ന പ്രലോഭനം തന്നെ ഇല്ലെന്നാകും. നമ്മള്‍ ജീവിക്കുന്ന ഈ വാണിജ്യ ലോകത്തിലേക്ക്‌ ഇന്ന്‌ ആദ്ധ്യാത്മിക നേതാക്കളും ഒലിച്ചിറങ്ങുകയാണ്‌. ഫ്‌ളെക്‌സ്‌ ബോര്‍ഡുകളിലും വാള്‍പോസ്റ്ററുകളിലും തങ്ങളുടെ മനോഹരമായ മുഖം കാണാന്‍ ആദ്ധ്യാത്മിക ആചാര്യന്മാര്‍പോലും കൊതിക്കുന്നു. ഇതില്‍നിന്നും ആര്‍ക്കും രക്ഷപെടാനാകില്ലാത്ത അവസ്ഥ.
ഒരിക്കല്‍ ഞാന്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ കല്ലുകൊണ്ടുള്ള ഒരു ചുമടുതാങ്ങി. അതില്‍ എന്തോ എഴുതിവച്ചിരിക്കുന്നു. ഞാന്‍ എന്റെ സുഹൃത്തിനോടു ചോദിച്ചു. ആരുടെപേരാണത്‌? ഏതോ ഒരു അമ്മാളിന്റെ സ്‌മരണക്കായി സ്ഥപിച്ചതാണ്‌. ആരാണ്‌ ഈ അമ്മാളെന്ന്‌ ആ ഗ്രാമക്കാര്‍ക്കുപോലും അറിഞ്ഞുകൂടാ. ഇത്തരം അവസ്ഥയാണ്‌ പല കല്ലുകള്‍ക്കും ഇന്നുള്ളത്‌. ഈ കല്ലുകളെല്ലാം തല്ലിപ്പൊട്ടിച്ച്‌ കയ്യാലപണുതാലും നാട്ടുകാര്‍ക്ക്‌ ഒരു അപകടവും ഇല്ല.

No comments:

Post a Comment